1/05/2013

സദ്‌-ചിത്-ആനന്ദം







ആനന്ദവും  സന്തോഷവും

സാധാരണഭാഷയില്‍ ഒരേ അര്‍ഥത്തില്‍ നാം ഉപയോഗിക്കുന്ന  രണ്ടു വ്യത്യസ്ത പദങ്ങളാണ്  ആനന്ദവും  സന്തോഷവും.

ആനന്ദം എന്നത് മാറ്റമില്ലാത്തതും  അമര്‍ത്യവുമായ അനുഭൂതിയാണ്.എന്നാല്‍    സന്തോഷം മനുഷ്യരില്‍ വന്നും  പോയുമിരിക്കുന്ന ഒരു വികാരമാണ്.

സന്തോഷവും സങ്കടവും മനുഷ്യരില്‍ അഹം  സൃഷ്ടിക്കുന്ന  രണ്ടു വികാരങ്ങളാണ്. മനുഷ്യന് സന്തോഷം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. സങ്കടം  വരാനും  അധികം സമയം വേണ്ട. ഇവയില്‍ ഏതെങ്കിലും ഒന്ന് കൂടിയും കുറഞ്ഞും  എപ്പോഴും വികാരമനുഷ്യനില്‍ (അഹം)  നിലനില്‍ക്കുന്നുണ്ട്.

ആനന്ദം

എന്നാല്‍ ആനന്ദം   ഒരു വികാരമല്ല. അത് സമാധാനത്തോട് ചേര്‍ന്ന് വരുന്ന  ഒരനുഭവമാണ്. സമാധാനവും സന്തോഷവും  ഒരുമിച്ച്  നില്‍ക്കുന്ന അവസ്ഥയാണത്‌. ആനന്ദത്തിന് ഒരു വിപരീതാവസ്ഥ  ഇല്ല എന്നത് കൊണ്ടാണ് അത് നിത്യാവസ്തയായി  നില നില്‍ക്കുന്നത്.

ആനന്ദം ദൈവീകമാണ് .അത്  പരിശുദ്ധിയില്‍ മാത്രമേ  നില നില്‍ക്കുകയുള്ളൂ.  . മനുഷ്യന് പുറത്തുള്ള  ഒന്നിനും  ധ്യാനാത്മകമായ   ആനന്ദം നമ്മിലേക്ക്‌ കൊണ്ട് വരന്‍ കഴിവില്ല.

സദ്‌-ചിത്-ആനന്ദം

സദ്‌-ചിത്-ആനന്ദം എന്നാല്‍ മനുഷ്യന്‍ അഹം വെടിഞ്ഞു ബ്രഹ്മസ്വരുപത്തില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന സായൂജ്യ മാണ്. ഈയവസ്ഥയെ   ആത്മരതിയെന്നും സത്യസാക്ഷാത്ക്കാരം   എന്നുമൊക്കെ  വിശേഷിപ്പിക്കാം.

അഹവും  ആനന്ദവും.

അഹവും  ആനന്ദവും    ഒരുമിച്ച്  വസിക്കുകയില്ല. മനുഷ്യന്‍ മന-സമാധാനം  തേടി  അലയുന്നതിന്‍റെ  രഹസ്യം ഇവിടെയാണ്.
മനസ്സമാധാനം എന്ന  പ്രയോഗം തന്നെ  ശരിയല്ല. മനസ്സല്ല  മറിച്ച്  അഹമെന്ന വികാരമനുഷ്യനാണ്  ശാന്തന്‍ ആവേണ്ടത്.

ഇതറിയാത്തതുകൊണ്ടാണ്  മനുഷ്യരില്‍ ധ്യാനം സംഭവിക്കാത്തതും  അവര്‍ക്ക് സാധാരണയായി  ഉറങ്ങാന്‍ പോലും കഴിയാത്തതും.

ശാന്തി  എന്ന മഹധനം.
ലോകത്ത് നാം മറ്റെല്ലാം നേടിക്കഴിയുംപോള്‍ മാത്രമാണ് മനുഷ്യന്‍ ശാന്തി എന്ന  ധനത്തി ന്‍റെ  വിലയറിയുന്നത്. അതുവരെ  മഹത്തായി കരുതിയതൊന്നും  മഹത്തരമല്ല  എന്ന് അപ്പോള്‍ മാത്രം നാം അറിയുന്നു. ആത്മശാന്തി  എന്ന് പറയുന്നത്  ജീവാത്മാവായ അഹം പരമത്മാവായ കൈലാസത്തിലെത്തുന്നതാണ്.

ഇത് മനുഷ്യന് എളുപ്പം നേടാവുന്ന ഒരു കാര്യമല്ല.  അഹം വെടിയുക എന്നത് കുറുക്കു വഴികളി ലൂടെ  മനുഷ്യന്  നേടാവുന്നതല്ല.

എന്നാല്‍ ആഗ്രഹമുള്ള ആര്‍ക്കും ഇത്  അപ്രാപ്യവുമല്ല. അതിനുള്ള വഴി അവനവനിലേക്കുള്ള ആത്മിയ  യാത്രയാണ്‌.

 മതയാത്രയും  വര്‍ഗീയതയും   ആത്മീയ യാത്രയുടെ വിപരീത ദിശയാണ്.

ഈ സത്യം അറിഞ്ഞവര്‍ ആത്മിയയാത്രയുടെ  പകുതി ദൂരം  പിന്നി ട്ടിരിക്കുന്നു എന്നതാണ്  സത്യം .