1/10/2013

ആത്മീയതയും ശലഭവും




  ആത്മിയത ജീവാത്മാവിന്‍റെ  മഹത്തായ  ദൗത്യം 

മനുഷ്യനിലെ  ജീവാത്മാവ് പരമാത്മാവിനെ  അറിയുന്നതാണ്   ആത്മീയത . അതോടെ  ആത്മീയനായ വ്യക്തി  സ്വയംസ്ഥിതനായി  പ്രഭവസ്ഥാനത്ത്   എത്തി ച്ചേരുന്നു. അതിനു ശേഷം ആ വ്യക്തി    തനിക്കു പുറത്ത് ഏതെങ്കിലും  ഒരഭയസ്ഥാനം  ഒരിക്കലും  അന്വേഷിക്കുന്നില്ല . 

ആത്മിയനായ  വ്യക്തി  സത്യസന്ധനായും , നിര്‍ഭയനായും,സ്വബോധത്താല്‍ നയിക്കപ്പെടുന്നവനുമാണ്. വികാരങ്ങളെ കീഴടക്കിയവനും  ആവശ്യത്തെക്കവിഞ്ഞ  ആഗ്രഹങ്ങള്‍ ഇല്ലാത്തവനുമായത്കൊണ്ടും  ആത്മീയന്‍ നിത്യവും  സ്വസ്ഥതയിലും നിറവിലുമാണ്  ജീവിക്കുന്നത് .

ആത്മീയന്  വിജയവും പരജയവുമില്ല. തനിക്ക്  ലഭിച്ച   ജീവിതപാതയെ (അതെന്തായാലും,എവിടെയായാലും ) സന്തോഷത്തോടെ  പിന്തുടര്‍ന്ന്  ജീവിതയാത്ര സഫലമാക്കുന്നു. യാത്രയല്ലാതെ മറ്റൊരു ലക്ഷ്യവും ആത്മീയനായ   വ്യക്തിയിലില്ല .

ആത്മീയനായ  വ്യക്തി  അവരുടെ ചിന്തയില്‍ യാതൊരു  മനശാസ്ത്രവും (logic) സൃഷ്ടിക്കുന്നില്ല. അതുകൊണ്ട്  അവരെ നയിക്കുന്നത്  അഹമല്ല. അഹത്തിനു പകരം  "സ്വബോധം"  അവരില്‍ സദാ സമയവും നിറഞ്ഞു നില്‍ക്കുന്നു.

  അവരുടെ രണ്ടു കാലുകളും എപ്പോഴും  വിനയമാകുന്ന നിലത്ത് സ്ഥിതി ചെയ്യുന്നത്   കൊണ്ട് ആത്മീയന്‍  എന്താണ് പറയുന്നത് എന്നവര്‍ അറിയുന്നു, എന്താണ് ചെയ്യുന്നത് എന്നവര്‍ അറിയുന്നു.  ഈ രണ്ട് ഗുണങ്ങള്‍ കൊണ്ട്  മാത്രം അവര്‍ എന്നും   ഉത്തമ  മനുഷ്യരായി  ജീവിക്കുന്നു.

ആത്മീയനായ വ്യക്തി  രാഷ്ട്രിയക്കാരെപ്പോലെ  പ്രതിമകളെ  വണങ്ങുകയോ  നിര്‍മ്മിക്കുകയോ  ചെയ്യുന്നില്ല.  ജാടകളുടെ ലോകം അവരെ ഒരിക്കലും  ആകര്‍ഷിക്കുന്നില്ല.

 എവിടെയും സത്യം  മാത്രമാണ് അവരെ ആകര്‍ഷിക്കുന്നത്. സമസൃഷ്ടികളില്‍  വച്ചേറ്റവും  പിന്നിലുള്ളവനായിട്ടാണ് അവര്‍ അവരെത്തന്നെ സ്വയം ഗണി ക്കുന്നത്.

സ്വന്തം മേനിയില്‍ അവര്‍ക്ക്  വിശുദ്ധി കാണാന്‍ കഴിയുന്നില്ല.  അത്കൊണ്ട്  സ്വയം "തിരുമേനി" എന്ന് വിളിക്കപ്പെടാന്‍ അവര്‍ മറ്റുള്ളവരെ  ഒരിക്കലും  അനുവതിക്കില്ല .

അഹിംസ അവര്‍ക്ക്  വിനയമന്ത്രമാകുന്നു. സ്നേഹമാണ് അവര്‍ക്ക് ആരാധന. അഹിംസയുടെ സാക്ഷാത്ക്കാരവും   സത്യസക്ഷത്ക്കാരവും ഒന്ന് തന്നെ എന്ന് അവരറിയുന്നു.

പ്രേമത്തെയും സ്നേഹത്തെയും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിവുണ്ട്. ഭൂമിയിലുളളതൊന്നും  അവര്‍ക്ക്  പ്രണയവിഷയമല്ല.

ഹൃദയത്തിലും ഗ്രന്ഥങ്ങളിലും  ബിംബങ്ങളിലും  വിശുദ്ധിയില്ലെന്നവര്‍ അറിയുന്നു.

സ്വബോധം എന്ന വിശുദ്ധിയാണ്  അവരെ നിത്യവും  നയിക്കുന്നത്. അത് കൊണ്ട്  മതങ്ങളുടെ  വിശുദ്ധന്‍മാരെ  ആരാധിക്കേണ്ട  ആവശ്യവും  അവര്‍ക്കില്ല.

 ആത്മബന്ധം  എന്ന  നിരുപാധിക സ്നേഹം  നിമിത്തം  പ്രപഞ്ചത്തിലെ  സര്‍വ ജീവജാലങ്ങളുമായി   ആത്മീയനായ വ്യക്തി  താതാത്മ്യം  പ്രാപിക്കുന്നു.

സ്വയം  ആത്മീയനാകുക  എന്നത് ഓരോ മനുഷ്യനിലും  സ്ഥിതി ചെയ്യുന്ന    ജീവാത്മാവിന്‍റെ  അടിസ്ഥാന  ദൗത്യമാണ്‌.ഓരോരുത്തരും  പരിണാമം  ചെയ്യുന്നതനുസരിച്ച്  പല പല ജന്മ ങ്ങളില്‍ കൂടി  "ഞാന്‍" എന്താണ് എന്ന ചോദ്യത്തിലെത്തുകയും  അതിനുത്തരം സ്വയം കണ്ടെത്കയും  ചെയ്യുന്നു.

മോക്ഷ പ്രാപ്തിയോടെ  മനുഷ്യനിലും    ഒരു ചിത്രശലഭത്തെപ്പോലെ  ഒരു ജീവാത്മാവിന്‍റെ   പരിണാമചക്രം  പൂര്‍ത്തിയാക്കുകയും  ദു :ഖവിമുക്തി  നേടുകയും ചെയ്യുന്നു.