അർഥം അറിയാതെ സാധാരണ നാം ഉപയോഗിക്കുന്ന വാക്കുകളാണ് ആത്മബന്ധം, ഹൃദയ പൂർവ്വം , സ്നേഹത്തോടെ എന്നൊക്കെ.
ഭൗതീകനായ മനുഷ്യൻ ഇതെല്ലം എന്തോ മഹത്തരമായ കാര്യങ്ങളായിട്ടാണ് പറയുന്നത് .
ഭാഷയുടെ നന്മയൊഴിച്ചാൽ പറയുന്നതിൻറെ ആഴവും അർഥവും ഗ്രഹിച്ചു കൊണ്ടല്ല സാധാരണ മനുഷ്യൻ ഈ പദങ്ങൾ ഉപയോഗിക്കുന്നത്.
ആത്മബന്ധം ഒരു വ്യക്തിയിൽ തന്നെ ജീവാത്മാവ് പരമാത്മാവിനെ അറിയുന്നതാണ്.
സ്വാർഥത (അഹംബുദ്ധിയായ ഞാൻ ) പൂർണമായി വെടിയാതെ ഒരു മനുഷ്യന് പരമാത്മാവുമായി ബന്ധം സ്ഥാപിക്കുക സാധ്യമല്ല . ഒന്ന് മാറുമ്പോൾ നാം മറ്റൊന്നായി തീരുകയാണ് ചെയ്യുന്നത്.
ഇതിനെയാണ് ശ്രീ യേശു ആത്മാവിൽ പുനർജനനം എന്ന് വിശേഷിപ്പിച്ചത്...
ആത്മബന്ധം സ്വയം സാധിച്ച വ്യക്തി (ഗുരു ) മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുമ്പോൾ അവരുടെബുദ്ധിയുമായിട്ടല്ല ബന്ധപ്പെടുന്നത് .
അതിന് കാരണം ബുദ്ധി മലിനവും ബോധം പരിശുദ്ധവുമാണ് എന്നതാണ്.
ആത്മാവിൽ പുനർ ജനിച്ചവർ സംസാരിക്കുന്നത് ബുദ്ധിയിൽ നിന്നല്ല മറിച്ച് ബോധത്തിൽ നിന്നാണ്.
അഹംബുദ്ധി (ego) ബോധത്തിൻറെ നിഴലാണ്.
സാധാരണ മനുഷ്യന് ആത്മബന്ധം,ഹൃദയപൂർവ്വം, സസ്നേഹം തുടങ്ങിയ പ്രയോഗങ്ങൾ വെറും കളിവാക്കുകളാണ്.
ഒരു യോഗി ഒന്നും പറയാതെ തന്നെ ഇതെല്ലാം അവനിൽ നിന്നും പുറത്തു വരുന്നു.
