6/29/2016

വ്യക്തിയും ദുഖവും

ജനിച്ചു വീഴുന്ന മനുഷ്യ ശിശു വെറും ജൈവ വസ്തു മാത്രമാണ് (മാംസ പിണ്ഡം ) .
ഒരു ജീവിത ചക്രത്തിന്റെ ആദ്യവും അന്തവും മനുഷ്യൻ ഒരേ നിസ്സഹായ അവസ്ഥയിലാണ് .
ജനിച്ചു വീഴുന്ന ശിശുവിൽ ആത്മശക്തിയോ ,അഹങ്കാരമോ ഇല്ലാത്തതു കൊണ്ട് വ്യക്തിത്വമില്ല.
കണ്ണും കാതും ഉണ്ടെങ്കിലും ബുദ്ധി ജനിക്കാത്തതു കൊണ്ട് ശിശുക്കളിൽ ഇന്ദ്രീയങ്ങൾ പ്രവർത്തന രഹിതമാണ്‌ .
രണ്ടു മാസം കൊണ്ടാണ് മനുഷ്യ ശിശുക്കളുടെ നേത്രങ്ങളിൽ കാഴ്ച ശക്തി ജനിക്കുന്നത് . അപ്പോഴും കാണുന്നതിനെ തിരിച്ചറിയുവാനുള്ള കഴിവ് ബുദ്ധിയിലില്ല. ഏതാണ്ട് മൂന്നു മാസം കൊണ്ടാണ് ചെവികൾ ശബ്ദത്തെ തിരിച്ചറിയുന്നത് .
പഞ്ചേന്ദ്രീയങ്ങളും ബുദ്ധിയും വളർന്നു വരുന്ന കുഞ്ഞിനെ ബാല്യത്തിൽ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നത് സ്വന്തം മാതാ പിതാക്കളും കുടുംബവുമാണ് .
മതാപിതാക്കളിൽ മക്കൾക്ക് ദീർഘകാലത്തെ പരാശ്രയം ആവശ്യമാണ് .
യുവത്വം വരെ അതു തുടരുകയും യുവത്വത്തിൽ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിൽ യുവാക്കൾ മാതാ പിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിൽ ഒരു വ്യക്തിത്വം (identity ) സൃഷ്ടിക്കുവാൻ ശ്രമം തുടങ്ങുന്നു .
യുവത്വമാണ് മനുഷ്യനിൽ വ്യക്തിത്വ വികസനത്തിന്റെ ആരംഭം .
യുവത്വത്തെ സ്വാധീനിക്കുന്നത് വിദ്യാലയവും അധ്യാപകരും അടുത്ത സുഹൃത് വലയവുമാണ് . വ്യക്തിയുടെ ചിന്തകളെ സ്വാധീനിക്കുന്നതും വ്യക്തിത്വ വികസനത്തിൽ എന്നും മേൽക്കൈ നേടുന്നതും സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ പശ്ചാത്തലമാഇരിക്കുന്നതിന് കാരണം അതാണ്.
മത /രാഷ്ട്രീയ വിശ്വാസ പശ്ചാത്തലങ്ങൾ വ്യക്തിയുടെ സ്വതന്ത്രമായ പരിണാമത്തെ പ്രാകൃത ചിന്തകൾ കൊണ്ടു ഒതുക്കിയെടുക്കുവാൻ ( trim ) വ്യക്തി ജീവിക്കുന്ന സമൂഹം പരിശ്രമിക്കുമ്പോൾ വ്യക്തികളുടെ മാനസിക തലമുൾപ്പെടെ സ്വതന്ത്ര പരിണാമം
തടസ്സപ്പെടുകയാണെങ്കിൽ വ്യക്തിയുടെ സദാചാര ബോധത്തിന്റെ (സത്യം) നില നിൽപ്പ് തന്നെ ഗുരുതര പ്രശ്നമായി മാറുന്നു.
പലപ്പോഴും തന്റേതല്ലാത്ത കാരണം കൊണ്ടു വ്യക്തി അനുഭവിക്കുന്ന അപകര്ഷതയും അപമാനഭാരവും അടഞ്ഞ സാമൂഹ്യ ക്രമത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ അപകടകരമാണ് .
ആത്മശക്തി ലഭിക്കാത്ത വ്യക്തിയിൽ പുറം ലോകത്തിന് അജ്ഞാതമായ ശൂന്യതയുടെ ഒരു ലോകവും അവരറിയാതെ തന്നെ വളർന്നു വരുന്നു .
ആശയും പ്രതീക്ഷയും ആഗ്രഹങ്ങളുമെല്ലാം ഉത്ഭവിക്കുന്നതും ഭയവും ദുഃഖങ്ങളും നില നിൽക്കുന്നതും വ്യക്തിയായി ശോഭിക്കുന്ന "ഞാൻ" എന്ന ശൂന്യതയിലാണ് .
ഞാൻ എന്ന ശൂന്യതയിൽ സന്തോഷം നില നിൽക്കുക അസാധ്യമാണ് . അതിനു കാരണം വ്യക്തിയിൽ ശേഖരിക്കപ്പെടുന്ന ദുഖമാണ് .
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഉറവിടം സാമൂഹ്യമാണെങ്കിലും അതു ശേഖരിക്കപ്പെടുന്നത് നിങ്ങളിലാണ്.
സന്തോഷവും സങ്കടവും രാവും പകലും പോലെ വ്യത്യസ്തമായ വികാരങ്ങളാണ് .
അതുകൊണ്ട് ഏതെങ്കിലും ഒന്നിനെ മാത്രമേ നിങ്ങൾക്ക് ശേഖരിക്കുവാൻ കഴിയൂ .
നിങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് എപ്പോഴും സങ്കടമാണ് . നിത്യമായ സങ്കടങ്ങളാണ് ദുഃഖമായി മാറുന്നത് .
സ്വബോധമില്ലാത്ത വ്യക്തിയുടെ ശൂന്യതയിൽ ദുഃഖം മാത്രമാണ് ശേഖരിക്കപ്പെടുന്നത് .
പാണ്ഡിത്യം കൊണ്ടും പണവും പദവികളും കൊണ്ടും നിങ്ങൾക്ക് ദുഖത്തെ അകറ്റി നിർത്തുവാൻ സാധ്യമല്ല.